പുതുവർഷം മിന്നിക്കുമോ? വർഷാന്ത്യദിനത്തിൽ സ്വർണം 57,000ൽ താഴെ
Tuesday, December 31, 2024 11:16 AM IST
കൊച്ചി: സംസ്ഥാനത്ത് വർഷാന്ത്യദിനത്തിൽ സ്വർണവില താഴേക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,880 രൂപയിലും ഗ്രാമിന് 7,110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,875 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റം നടത്തിയ ശേഷം ഇടിഞ്ഞു. ഔണ്‍സ് സ്വര്‍ണത്തിന് 2605 ഡോളര്‍ എന്ന നിരക്കിലെത്തി.
അതേസമയം, വെള്ളിയുടെ വില സര്‍വകാല വീഴ്ചയിലേക്ക് പോകുകയാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 93 രൂപയിലെത്തി.