കണ്ണ് തുറന്നു, കൈകാലുകൾ ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Tuesday, December 31, 2024 10:34 AM IST
കൊച്ചി: വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. പറഞ്ഞ നിര്‍ദേശങ്ങളോടെല്ലാം പ്രതികരിച്ചെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
മകന് പറഞ്ഞതിനോട് എല്ലാം ശരീരം കൊണ്ട് പ്രതികരിച്ചു. കണ്ണ് തുറന്നു. കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കി. ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു. കൈയില്‍ മുറുക്കെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്തു.
തലച്ചോറിലെ പരിക്കുകളുടെ കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ കാര്യത്തിൽ നേരിയ പുരോഗതിയാണുള്ളത്. അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയാണ് നിലവിലെ വെല്ലുവിളി.
ഉമ തോമസ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. പൂർണമായി ബോധം വന്നിട്ടില്ല. വെന്റിലേറ്റര്‍ സഹായമില്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് പറയാനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.