ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവം: സംഘാടകരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Tuesday, December 31, 2024 9:55 AM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജി. കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്കര് ഇവന്റ് മാനേജ്മെന്റ് ഉടമ പി.എസ്. ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. അതേസമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി പാലാരിവട്ടം പോലീസിന്റെ റിപ്പോര്‍ട്ട് തേടും.
ഡിസംബർ 29നാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റ എംഎൽഎ നിലവില്‍ വെന്റിലേറ്ററിൽ ചികിത്സയിലാണ്.