ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു
Monday, December 30, 2024 12:43 AM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുന്നത്.
കോട്ടയം, എറണാകുളം മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദഗ്ദ്ധർ സംഘത്തിലുണ്ട്. റെനൈയിൽ ഉള്ള ഡോക്ടർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി പി. രജീവ് അറിയിച്ചു.
അതിനിടെ കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഉമ തോമസ് അബോധാവസ്ഥയിൽ തുടരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റെനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.