വാലിൽ പിടിച്ചുകയറി ഓസീസ്; ഇന്ത്യൻ പ്രതീക്ഷകൾക്കു വിലങ്ങുതടിയായി അവസാനവിക്കറ്റ് കൂട്ടുകെട്ട്
Sunday, December 29, 2024 1:19 PM IST
മെല്‍ബണ്‍: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്കു മുന്നിൽ വിലങ്ങുതടിയായി ഓസീസ് വാലറ്റത്തിന്റെ ചെറുത്തുനില്പ്.
ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 369 റൺസിന് അവസാനിപ്പിച്ച് നാലാംദിനം രണ്ടാമിന്നിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാംദിനം കളിനിർത്തുമ്പോൾ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ് ആതിഥേയർ. 41 റൺസുമായി നഥാൻ ലയണും 10 റൺസുമായി സ്കോട്ട് ബോളണ്ടുമാണ് ക്രീസിൽ. നിലവിൽ ഓസീസിന് 333 റൺസിന്റെ ആകെ ലീഡുണ്ട്.
24 ഓവറിൽ 56 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ടെസ്റ്റിൽ 200 വിക്കറ്റെന്ന നാഴികക്കല്ലും ഇന്ത്യൻ പേസർ പിന്നിട്ടു. അതേസമയം, മുഹമ്മദ് സിറാജ് 66 റൺസ് വഴങ്ങി മൂന്നുവിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ഒരു ഘട്ടത്തിൽ ആറിന് 91 റൺസെന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. അവരെ ചെറിയ സ്കോറിന് എറിഞ്ഞിട്ട ശേഷം ഒരു ദിവസത്തിൽ കൂടുതൽ സമയം ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കാമെന്നായിരുന്നു ഇന്ത്യൻ പ്രതീക്ഷ. എന്നാൽ ഏഴാം വിക്കറ്റിൽ പാറ്റ് കമ്മിൻസും മാർനസ് ലബുഷെയ്നും ചേർന്ന് പടുത്തുയർത്തിയ 57 റൺസ് കൂട്ടുകെട്ടും പത്താംവിക്കറ്റിൽ നഥാൻ ലയണും സ്കോട്ട് ബോളണ്ടും ചേർന്ന് കൂട്ടിച്ചേർത്ത 55 റൺസും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
105 റൺസിന്റെ ലീഡുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് യുവതാരം സാം കോണ്‍സ്റ്റാസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എട്ടുറണ്‍സെടുത്ത താരത്തെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ, സഹ ഓപ്പണർ ഉസ്മാൻ ഖവാജയെ (21) മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ ഓസ്ട്രേലിയ രണ്ടിന് 43 റൺസെന്ന നിലയിലായി.
പിന്നാലെ ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും ചേർന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 80 റൺസിൽ നില്‍ക്കെ സ്മിത്തിനെ (13) വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറില്‍ ബുംറയുടെ തേരോട്ടമാണ് കണ്ടത്. ട്രാവിസ് ഹെഡിനെയും (ഒന്ന്) മിച്ചൽ മാർഷിനെയും (പൂജ്യം) അതേ ഓവറിൽ ബുംറ പുറത്താക്കി. തന്റെ അടുത്ത ഓവറിൽ അലക്സ് കാരിയേയും (രണ്ട്) ബുംറ ബൗള്‍ഡാക്കിയതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
പിന്നീട് ക്രീസിൽ ഒന്നിച്ച പാറ്റ് കമ്മിൻസും ലബുഷെയ്നും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഓസ്ട്രേലിയയെ നൂറുകടത്തി. ഇതിനിടെ ലബുഷെയ്ൻ തന്റെ അർധസെഞ്ചുറിയും തികച്ചു. എന്നാൽ സ്കോർ 148 റൺസിൽ നില്‍ക്കെ ലബുഷെയ്നെ (70) വീഴ്ത്തി സിറാജ് ബ്രേക്ക്ത്രൂ നല്കി. പിന്നാലെ മിച്ചൽ സ്റ്റാർക്ക് (അഞ്ച്) റണ്ണൗട്ടായതോടെ ഓസീസ് എട്ടിന് 156 റൺസെന്ന നിലയിലായി.
ഈസമയം ഒരറ്റത്ത് ഉറച്ചുനിന്ന് ബാറ്റ് ചെയ്യുകയായിരുന്ന നായകൻ പാറ്റ് കമ്മിൻസിനെ (41) ജഡേജ പുറത്താക്കിയതോടെ ഒമ്പതിന് 173 റൺസെന്ന നിലയിലായി. ഇവിടെ നിന്നാണ് ലയണും ബോളണ്ടും ചേർന്ന് ചെറുത്തുനില്പ് ആരംഭിച്ചത്. 200 കടക്കുന്നതിനു മുമ്പ് ഓസ്ട്രേലിയയെ പുറത്താക്കാമെന്ന സ്വപ്നങ്ങൾക്കും അതോടെ തിരിച്ചടിയേറ്റു.