കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കും: മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ, ഔദ്യോഗിക യാത്രയയപ്പില്ല
Sunday, December 29, 2024 12:32 PM IST
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നിന്നു പടിയിറങ്ങി. വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളെ കണ്ട ഗവർണർ മലയാളത്തിൽ യാത്രപറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ കാണാൻ എത്തിയില്ല.
"എന്റെ കാലാവധി തീർന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമകളുമായാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെ'- ഗവർണർ പറഞ്ഞു.
ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്ഹിയിലേക്കുമാണ് ഗവർണർ പോകുക. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്‍ണര്‍ മടങ്ങിയത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.
ജനുവരി രണ്ടാം തിയതി ബിഹാര്‍ ഗവര്‍ണറായി അദ്ദേഹം ചുമതല ഏല്ക്കും. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു.
അതേസമയം, കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് അദ്ദേഹം രാജ്ഭവനിലെത്തി ചുമതലയേല്‍ക്കും.