ആർക്കും പരാതി ഇല്ല.. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ 30 ലക്ഷം
Sunday, December 29, 2024 11:56 AM IST
തിരുവനന്തപുരം: പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
നിലവിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാൻ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടി കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുതന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ മാറ്റി പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് പുതിയ കാര്‍ വാങ്ങുന്നത്.
2017 മോഡൽ ഇന്നോവ ക്രിസ്റ്റ കാറാണ് ഇപ്പോള്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാൻ ഉപയോഗിക്കുന്നത്. ടയോട്ട ഇന്നോവ ഹൈക്രോസ് ഫുള്‍ ഓപ്ഷൻ കാര്‍ വാങ്ങുന്നതിനാണ് തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിലെ വാഹനത്തിന് തുടര്‍ച്ചയായി തകരാറുകള്‍ വരുന്നതിനാൽ അറ്റകുറ്റപണികള്‍ വേണ്ടി വരുന്നുവെന്നും ചെയര്മാൻ അറിയിച്ചതായി സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് മന്ത്രിസഭാ യോഗത്തിൽ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നത്.