ഗവർണറുടെ സത്യപ്രതിജ്ഞ ജനുവരി രണ്ടിന്; ആരിഫ് മുഹമ്മദ്ഖാൻ നാളെ ഡൽഹിക്ക് തിരിക്കും
Saturday, December 28, 2024 11:24 PM IST
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി രണ്ടിന് കേരളാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. രാവിലെ 10.30നു രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിൽ ബീഹാർ ഗവർണറായ ആർലേക്കർ ഒന്നിന് തലസ്ഥാനത്ത് എത്തും. സത്യപ്രതിജ്ഞാ ചടങ്ങിനായി ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ ഒന്നിന് വൈകുന്നേരം രാജ്ഭവനിലെത്തും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നാളെ രാവിലെ 11.30ന് കൊച്ചി വഴി ഡൽഹിയിലേക്ക് പോവും. അദ്ദേഹവും രണ്ടിന് ബിഹാർ ഗവർണറായി ചുമതലയേൽക്കും. രാജ്ഭവൻ ജീവനക്കാർ ആരിഫ് മുഹമ്മദ്ഖാന് യാത്രയയപ്പു നൽകിയിരുന്നു.