മൻമോഹൻ സിംഗിനു വിട നൽകി രാജ്യം
Saturday, December 28, 2024 1:21 PM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം ആദരവോടെ വിടനൽകി. നിഗംബോധ് ഘട്ട് ക്രിമറ്റോറിയത്തിൽ പൂർണ ദേശീയ ബഹുമതികളോടെയായിരുന്നു സംസ്കാരം. ശക്തമായ ഇടപെടലുകളിലൂടെ ഇന്ത്യയെ ആധുനികതയിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണതന്ത്രജ്ഞൻ ഇനി ചരിത്രത്തിന്റെ തിളക്കമുള്ള ഭാഗം.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.
മോത്തി ലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തിച്ചശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്.
ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം.
എഐസിസി ആസ്ഥാനത്തെ പൊതുദര്ശനത്തിൽ മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡി.കെ. ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി എല്ലാ കേന്ദ്രസർക്കാർ ഓഫീസുകൾക്കും കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപങ്ങൾക്കും ഇന്ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുവരെ ഏഴു ദിവസത്തേക്ക് രാജ്യത്തു ദുഃഖാചരണവും നടത്തും. ഈ ദിവസങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും.