ബോക്സിംഗ് ഡേ ക്രിക്കറ്റിൽ ഇന്ത്യയുടെ വാലറ്റം ഇടിച്ചു കയറി.., നിതീഷിന് സെഞ്ചുറി
Saturday, December 28, 2024 12:39 PM IST
മെൽബണ്‍: ബോക്സിംഗ് ഡേ ക്രിക്കറ്റിൽ ഇന്ത്യയുടെ നിതീഷ് കുമാർ റെഡ്ഡിക്ക് സെഞ്ചുറി. നിതീഷിനു പുറമേ അർധ സെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ സുന്ദറിന്റെയും പ്രകടനമാണ് ഇന്ത്യയെ തകർച്ചയിൽനിന്നും രക്ഷിച്ചത്.
മൂന്നാം ദിനം കളി അവസാനിക്കുന്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 358 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ ഓസീസ് ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 116 റൺസ് പിന്നിലാണ് ഇന്ത്യ. ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 474 റണ്‍സ് നേടിയിരുന്നു.
176 പന്തുകൾ നേരിട്ട നിതീഷ് 105 റണ്‍സുമായി ക്രീസിൽ ഉറച്ചു നിൽക്കുകയാണ്. 162 പന്തിൽനിന്നാണ് വാഷിംഗ്ടണ്‍ സുന്ദർ അർധ സെഞ്ചുറി നേടിയത്. മൂന്നാംദിനം അഞ്ചിന് 164 റണ്‍സിന് ബാറ്റിംഗ് പുനരാംഭിച്ച ഇന്ത്യയ്ക്ക് ഋഷഭ് പന്തിന്റെ (37 പന്തിൽ 28) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ രവീന്ദ്ര ജഡേജയും (51 പന്തിൽ 17) പവലിയൻ കയറി.
പിന്നീടായിരുന്നു നിതീഷ്-വാഷിംഗ്ടണ്‍ സഖ്യം ഇന്ത്യയുടെ രക്ഷകരായത്. ഇരുവരും ചേർന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. ഇവരുടെ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവായത്. ജസ്പ്രീത് ബുംറ പൂജ്യത്തിന് പുറത്തായി. നിതീഷിനു കൂട്ടായി രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജാണ് ക്രീസിൽ.
ഓസീസിനായി പാറ്റ് കമ്മിൻസും സ്കോട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ ലിയോണ്‍ രണ്ട് വിക്കറ്റും നേടി.