വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും എം.ടി സ്വീകരിച്ചു: എം.വി. ഗോവിന്ദൻ
Thursday, December 26, 2024 10:59 AM IST
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം താരതമ്യം ചെയ്ത് പറയാൻ ഇല്ല. അദ്ദേഹത്തിന്റെ വേർപാട് ഒരു തരത്തിലും നികത്താൻ പറ്റില്ല. എം.ടി ആവേശോജ്വലമായ ഓർമയായി നിലനിൽക്കുമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.
കഥയേയും സാഹിത്യത്തേയും മാത്രമല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടി. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ചു തുപ്പാൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എം.ടിക്ക് പകരം മറ്റാരും ഇല്ല. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വർഗീയതക്കെതിരായ പോരാട്ടത്തിൽ ഏകനായി അദ്ദേഹം മുന്നോട്ട് പോയപ്പോൾ മതനിരപേക്ഷ കേരളം മുഴുവൻ അദ്ദേഹത്തിന് ഒപ്പമായിരുന്നു. തുഞ്ചൻപറമ്പ് അതാണ് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും കരുത്തുറ്റ സാമൂഹ്യ അവബോധത്തിന്റെ നാടായി കേരളത്തെ നിലനിർത്തുന്നതിൽ സിപിഎം വഹിക്കുന്ന പങ്കിനെപ്പറ്റി അദ്ദേഹത്തിന് നല്ല മതിപ്പായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.