ചരിത്രത്തിലേക്ക് അടിച്ചുപറത്തി 19കാരൻ; ടെസ്റ്റില്‍ ആദ്യ സിക്സ് വഴങ്ങി ബുംറ
Thursday, December 26, 2024 9:07 AM IST
മെല്‍ബണ്‍: ബോക്സിംഗ് ഡേയിൽ ഇന്ത്യൻ ബൗളിംഗ് നിരയെ പഞ്ഞിക്കിട്ട് 19കാരന്റെ അരങ്ങേറ്റം. മെൽബൺ ടെസ്റ്റിൽ അർധസെഞ്ചുറി നേടിയ കൗമാരതാരം സാം കോൺസ്റ്റാസ് ഒരു റിക്കാർഡും സ്വന്തമാക്കി.
ടെസ്റ്റില്‍ ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്ക്കെതിരേ സിക്സർ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോൺസ്റ്റാസ് സ്വന്തം പേരിലാക്കിയത്. ബുംറയുടെ ഒരോവറില്‍ മാത്രം ഒരു സിക്സറും രണ്ടു ഫോറുകളുമടക്കം 18 റൺസാണ് താരം അടിച്ചെടുത്തത്. അതുവരെ 4,483 പന്തുകളാണ് ടെസ്റ്റിൽ ബുംറ സിക്സ് വഴങ്ങാതെ എറിഞ്ഞത്.
അരങ്ങേറ്റത്തിൽ ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ കോൺസ്റ്റാസ് 65 പന്തുകളിൽ നിന്നാണ് 60 റൺസെടുത്തത്. ഒന്നാം വിക്കറ്റില്‍ ഉസ്മാൻ ഖവാജയ്ക്കൊപ്പം 89 റണ്‍സ് താരം കൂട്ടിച്ചേർത്ത കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
നിലവിൽ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട് ഓസ്ട്രേലിയ. ഉസ്മാന് ഖവാജ (38), മര്‍നസ് ലബുഷെയ്ൻ (12) എന്നിവരാണ് ക്രീസിൽ.