എം.ടിയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ
Thursday, December 26, 2024 6:14 AM IST
കോഴിക്കോട് : എം .ടി.വാസുദേവൻ നായരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിൽ പുലർച്ചെ അഞ്ചോടെയാണ് മോഹൻലാൽ എത്തിയത്.
എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായരെന്നും മോഹൻലാൽ പറഞ്ഞു.
"ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം.'-മോഹൻലാൽ പറഞ്ഞു.
ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.