"ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം'; എം.ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി
Thursday, December 26, 2024 1:24 AM IST
കൊച്ചി: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചു . അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓർക്കുന്നില്ലിപ്പോളെന്നും വിശദീകരിച്ച മമ്മൂട്ടി, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും തന്റെ ഇരു കൈകളും മലർത്തിവയ്ക്കുന്നുവെന്നും കുറിച്ചു.
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മമ്മൂട്ടി, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തനിക്ക് തോന്നിയെന്നും മമ്മൂട്ടി കുറിച്ചു.