കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടം; എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
Wednesday, December 25, 2024 11:04 PM IST
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ അന്ത്യം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഡിസംബർ 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
എം.ടിയുടെ കോഴിക്കോട്ടെ വീട്ടിൽ മാത്രമായിരിക്കും പൊതുദർശനം എന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.