കസഖ്സ്ഥാനില്‍ നൂറിലേറെ യാത്രികരുമായി വിമാനം തകര്‍ന്നുവീണു; നിരവധിപ്പേർ മരിച്ചു
Wednesday, December 25, 2024 1:55 PM IST
അസ്താന: കസഖ്സ്ഥാനിലെ അക്തോയില്‍ യാത്രാവിമാനം തകര്‍ന്നുവീണു. നിരവധിപ്പേർ മരിച്ചതായാണ് വിവരം. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആറ് യാത്രക്കാർ രക്ഷപ്പെട്ടുവെന്ന് കസാക്കിസ്ഥാനിലെ എമർജൻസി മന്ത്രാലയം ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസര്ബൈജാന് എയര്‍ലൈന്‍സിന്റെ 8243 എന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ 105 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനമാണ് അക്തോ വിമാനത്താവളത്തിനു സമീപം തകർന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഒരു വിമാനം നിലത്തുവീഴുകയും അഗ്നിഗോളമായി മാറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.