തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഇന്ന് ക്രിസ്മസ്: ആഘോഷത്തിമർപ്പിൽ ലോകം
Wednesday, December 25, 2024 9:18 AM IST
കോട്ടയം: തിരുപ്പിറവിയുടെ പുണ്യസ്മരണ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ക്രിസ്മസ് കാരളും ക്രമീകരിച്ചിരുന്നു. പാതിരാ കുർബാനയോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിച്ചത്. പ്രാർഥനകളിൽ പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക് എല്ലായിടത്തുമുണ്ടായി.
തിരുവനന്തപുരം പിഎംജിയിലെ ലൂര്‍ദ് ഫൊറോനാ പള്ളിയിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകൾക്കും ദിവ്യബലിക്കും കര്‍ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊ പാതിരാ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമികത്വത്തിലുള്ള പാതിരാ കുർബാന നടന്നു.
ക്രിസ്മസ്ദിനത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ആഘോഷത്തോടനുബന്ധിച്ച് വിപണികളിലും തിരക്കേറി. സാധനങ്ങൾ വാങ്ങാനുള്ള തിരക്ക് ചൊവ്വാഴ്ച രാവിലെ മുതൽ ഉണ്ടായി. മത്സ്യം, മാംസം, പച്ചക്കറി വിപണികൾ രാവിലെ മുതൽ സജീവമായിരുന്നു. കേക്ക് വിപണിയിലും ഏറ്റവുമധികം വ്യാപാരം ചൊവ്വാഴ്ചയായിരുന്നു.
എല്ലാ വായനക്കാർക്കും ദീപിക ഡോട്ട്കോമിന്റെ ക്രിസ്മസ് ആശംസകൾ...