സന്തോഷ് ട്രോഫി: കേരള-തമിഴ്നാട് മത്സരം സമനിലയിൽ
Tuesday, December 24, 2024 6:52 PM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് സ്റ്റേജിലെ കേരള-തമിഴ്നാട് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരവും തോൽക്കാതെ കേരളത്തിന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനായി.
ഇന്ന് നടന്ന മത്സരത്തിൽ തമിഴ്നാട് നായകൻ യേശുരാജാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ നിജോ ഗിൽബർട്ടിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തി. ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പിന്നീട് ആർക്കും ഗോൾ നേടാനായില്ല.
കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഈ മാസം 27ന് ഉച്ചയ്ക്ക് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജമ്മു-കാഷ്മീരാണ് കേരളത്തിന്റെ എതിരാളികൾ.