കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുത്തി
Tuesday, December 24, 2024 4:05 PM IST
കൊച്ചി: എറണാകുളം കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കാൻ ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുത്തി. എൻസിസി ഗ്രൂപ്പ് കമാൻഡർ കൊല്ലം ബ്രിഗേഡിയർ സുരേഷ് ജിയുടെ നേതൃത്ത്വത്തിലുളള അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് ഒഫീഷ്യാറ്റിംങ് അഡീഷണൽ ഡയറക്ടർ ജനറൽ എൻസിസി ഉത്തരവിറക്കി.
തിങ്കളാഴ്ചയാണ് എൻസിസി ക്യാംപിൽ ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് 70 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് ക്യാംപ് പിരിച്ചു വിടുകയും ചെയ്തിരുന്നു.
ക്യാംപിന് രണ്ട് ദിവസത്തെ അവധി നൽകിയതിനുശേഷം 26 ഡിസംബർ 2024 ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യാറ്റിംങ് അഡീഷണൽ ഡയറക്ടർ ജനറൽ എൻ സി സി. അറിയിച്ചു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.