അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; സുരക്ഷാ മാനേജർ കസ്റ്റഡിയിൽ
Tuesday, December 24, 2024 3:10 PM IST
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നുവെന്ന് എപ്പോഴാണ് അറിഞ്ഞത് എന്നതുൾപ്പടെ നിരവധി ചോദ്യങ്ങൾക്ക് അല്ലു അർജുൻ മറുപടി നൽകിയില്ലെന്നാണ് സൂചന.
ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11ന് ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്.
സ്റ്റേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ആരാധകരുടെ വലിയ സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. രണ്ടു മണിക്കൂറാണ് അല്ലു അർജുന്റെ ചോദ്യം ചെയ്യൽ നീണ്ടത്.
അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തീയറ്ററിൽ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മർദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ എന്നിവയായിരുന്നു അല്ലു നേരിട്ട പ്രധാന ചോദ്യങ്ങൾ.
അതേസമയം, അല്ലുവിന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ വടി ഉപയോഗിച്ച് ബൗൺസർ തല്ലുന്ന വിഡിയോ പുറത്തായതിനു പിന്നാലെയാണ് നടപടി.