സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
Tuesday, December 24, 2024 2:34 PM IST
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകന് സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടില്ല. കേസിൽ ആരോപണവിധേയര്‍ അടക്കമുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്പിൽ കഴിഞ്ഞ 20നാണു പള്ളിക്കവല മുളങ്ങാശേരിൽ സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.