തല കീഴായി ഓടയിൽ വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്
Tuesday, December 24, 2024 12:57 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓടയിൽ തലകീഴായി വീണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ കുന്നത്തുകാലിൽ വച്ചാണ് സംഭവം.
ലീലയെ തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ലീല. ഇവിടെ ഓട നിർമാണത്തിനായി റോഡിൽ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലിൽ കാൽ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരടക്കം ചേർന്നാണ് ലീലയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്ന അമരവിള കാരക്കോണം റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലവിലുണ്ട്.