എൻസിസി ക്യാമ്പിലെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Tuesday, December 24, 2024 11:38 AM IST
കൊച്ചി: എൻസിസി ക്യാമ്പിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷമുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
എറണാകുളം തൃക്കാക്കര കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവം അന്വേഷിക്കാനെത്തിയ എസ്എഫ്ഐ നേതാക്കളാണ് സംഘർഷമുണ്ടാക്കിയത്.
സംഭവത്തിൽ ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാർഥികളും തമ്മിൽ തർക്കമുണ്ടായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെൺകുട്ടികൾ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാർഥിനികളും ആരോപിച്ചു.
ഇതേത്തുടർന്ന് വിദ്യാർഥിനികളും എസ്എഫ്ഐ നേതാക്കളും തമ്മിൽ തർക്കമായി. നിങ്ങളിവിടെ ആരേലും ഒളിപ്പിച്ചിട്ടുണ്ടോ? സാറുമ്മാർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചുവെന്നും പെൺകുട്ടികൾ ആരോപിക്കുന്നു.
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് തങ്ങളോട് ഒരു സ്ത്രീ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വിദ്യാർഥിനികൾ വെളിപ്പെടുത്തിയത്.
അതേസമയം, എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. വൈകിട്ടോടെ പലരും തളർന്നുവീണു. തലകർക്കവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 72 കുട്ടികളെ കളമശേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയത്.