അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നൽകി
Monday, December 23, 2024 10:54 PM IST
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബർ നാലിന് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന് ഹൈദരാബാദ് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്.
സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയറ്റർ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.