ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി; തനുഷ് കൊട്ടിയാൻ ഓസ്ട്രേലിയായിലേക്ക്
Monday, December 23, 2024 8:32 PM IST
മുംബൈ: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമായ തനുഷ് ഉടൻ ഓസ്ട്രേലിയായിലേക്ക് തിരിക്കും.
അടുത്തിടെ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ഈ 26 കാരൻ. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൊട്ടിയാന് 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്.
അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 26 നാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.