വനനിയമ ഭേദഗതി; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
Monday, December 23, 2024 7:48 PM IST
കോഴിക്കോട് : വനനിയമ ഭേദഗതിയിൽ മന്ത്രി എ.കെ.ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല. വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരും.
അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതി സംബന്ധിച്ച് നവംബര്‍ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു.
ജനുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താല്‍ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ.
പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനാതിർത്തിയിലെ പുഴയിൽ കുളിക്കാനോ മീൻ പിടിക്കാനോ വളർത്തുമൃഗങ്ങളെ മേയ്ക്കാനോ സാധിക്കില്ല. പിഴയും തടവും ലഭിക്കാവുന്ന കുറ്റങ്ങളായി ഇതെല്ലാം കണക്കാക്കപ്പെടും. ഇത്തരം സംഭവങ്ങളിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും വനംവകുപ്പിനുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുവരെ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാനാകും.