വാലിൽ പിടിച്ചുകയറി; ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ, ഒമ്പതു വിക്കറ്റ് നഷ്ടം
Tuesday, December 17, 2024 1:54 PM IST
ബ്രിസ്ബേൻ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഒന്നാം ഇന്നിംഗ്സില്‍ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. മഴ ഇടക്കിടെ രസംകൊല്ലിയായ നാലാംദിനത്തില്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിച്ചപ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
27 റൺസുമായി ആകാശ് ദീപും 10 റണ്ണുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റൺസിന് 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.
നാലാംദിനം കെ.എൽ. രാഹുലിന്റെയും (84) രവീന്ദ്ര ജഡേജയുടെയും (77) അർധസെഞ്ചുറികളും വാലറ്റത്തിന്റെ ചെറുത്തുനില്പുമാണ് ഇന്ത്യയെ 250 കടത്തിയത്. പതിനൊന്നാമനായി ക്രീസിലുള്ള ആകാശ് ദീപാണ് ഇന്ത്യൻ നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ. നിതീഷ്കുമാര്‍ റെഡ്ഡി (16), മുഹമ്മദ് സിറാജ് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് വീണ മറ്റു വിക്കറ്റുകള്‍.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹേസില്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.