കോന്നി വാഹനാപകടം: കാരണം അശ്രദ്ധയെന്ന് പോലീസ്; എയർബാഗ് തുറന്നില്ലെന്ന് എംവിഡി
Sunday, December 15, 2024 10:48 AM IST
പത്തനംതിട്ട: കോന്നിയില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്. അതേസമയം, അപകടത്തിൽ എയർബാഗ് ഓപ്പണായതായി കാണുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയത്. കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
കൂടൽ മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മധുവിധുവിനു ശേഷം മലേഷ്യയിൽ നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോർജും മടങ്ങുമ്പോഴാണ് ദാരുണസംഭവം നടന്നത്.
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തിൽ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചു. ഇവരുടെ വീട്ടിലേക്ക് അപകടസ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു.
കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.