മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
Friday, December 13, 2024 3:23 AM IST
ഇടുക്കി: മൂന്നാറിൽ മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എക്സൈസ് പിടികൂടിയ ചടയമംഗലം സ്വദേശി അലീഫ് ഖാനെയാണ്(26) കോടതി ശിക്ഷിച്ചത്.
2023 ജനുവരി 25 ന് മൂന്നാർ ടോപ് സ്റ്റേഷൻ വേൽമുടി - സൈലന്റ് വാലി റോഡിൽ വച്ച് 0.126 മില്ലിഗ്രാം എൽഎസ്ടി സ്റ്റാമ്പും ഏഴ് ഗ്രാം കഞ്ചാവുമായാണ് അലീഫ് പിടിയിലായത്. ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എ.പി.ഷിഹാബും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാർത്തികേയൻ.കെ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാര്‍.കെ.എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.