കുമരകത്ത് പിണറായി - സ്റ്റാലിൻ കൂടിക്കാഴ്ച; മുല്ലപ്പെരിയാർ ചർച്ചയായില്ല
Thursday, December 12, 2024 11:47 AM IST
വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൂടിക്കാഴ്ച നടത്തി. അതേസമയം, കുമരകത്ത് നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ചയായില്ല. കൂടിക്കാഴ്ചയിൽ മന്ത്രി വി.എൻ വാസവനും തമിഴ്നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം കുമരകത്തെ റിസോർട്ടിൽ ഇരുമുഖ്യമന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വൈക്കം വലിയ കവലയിലെ പെരിയോർ സ്മാരകം ഉദ്ഘാടനം ചെയ്തു. പെരിയോർ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ മുഖ്യമന്ത്രിമാർ പെരിയാർ മ്യൂസിയത്തിലും സന്ദർശനം നടത്തി.
തുടർന്ന് തമിഴ്നാട് സര്ക്കാര് വൈക്കം സത്യാഗ്രഹ ശതാബ്ദി പ്രമാണിച്ച് നടത്തിവന്ന പരിപാടികളുടെ സമാപന ചടങ്ങുകൾ ആരംഭിച്ചു. എം.കെ. സ്റ്റാലിനാണ് ഉദ്ഘാടകൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും.