കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ
Wednesday, December 11, 2024 11:48 AM IST
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എവിടെയും ഒരു ചർച്ചയും നിലവിൽ ആരംഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ ഘടകങ്ങളുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തീർക്കാൻ ഒരു ഉന്നതാധികാര സമിതി ഉടൻ തന്നെ വിളിച്ചുചേർക്കും. യോഗത്തിൽവച്ചുതന്നെ എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടന നടന്നാൽ മാത്രമല്ലേ ആളുകളെ തഴഞ്ഞുവെന്നതിന് പ്രസക്തിയുള്ളൂ. നടക്കാത്ത പുനഃസംഘടന എങ്ങിനെയാണ് ആളുകളെ തഴഞ്ഞുവെന്ന് പറയുക. അഥവാ പുനഃസംഘടന നടക്കുമ്പോൾ അത് എല്ലാവരുമായി കൂടിയാലോചിച്ച് ഒരു തീരുമാനം ഉണ്ടാകും. ഒരു ഫോറത്തിലും ആരുടെയും പേരുകൾ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.