ഇടുക്കിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Wednesday, December 11, 2024 7:35 AM IST
ഇടുക്കി: ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ കർഷകരുടെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. ആറ് ആനകൾ അടങ്ങിയ കൂട്ടമാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്.
കോഴിപ്പന്നക്കുടിയിലെ രാജയ്യ, ജയകുമാർ എന്നിവരുടെ വിളവെടുക്കാറായ ഏലച്ചെടികൾ ചവിട്ടി മെതിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
മുൻപ് ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ,ചൂണ്ടൽ, ശങ്കരപണ്ഡ്യമെട്ട്, ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.