ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ ശിക്ഷിക്കുന്നതിനു പകരം കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി
Tuesday, December 10, 2024 10:00 PM IST
തിരുവനന്തപുരം: ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി.
14-ാം ധനകാര്യകമ്മീഷന് വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയും 15-ാം ധനകാര്യ കമ്മീഷന് 2011ലെ സെന്‍സസും കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. ജനസംഖ്യയ്ക്കു നല്‍കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍നിന്ന് പത്തു ശതമാനമായി കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
പതിനാറാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന് ചെയര്മാന് ഡോ. അരവിന്ദ് പനഗാരിയ മുമ്പാകെ കെപിസിസിയുടെ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ സെക്രട്ടറി എം.ലിജു സമര്‍പ്പിച്ചു.
സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അധികാരങ്ങളിൽ ജിഎസ്ടി വന്നതോട് കൂടി കടിഞ്ഞാൺ വീണു എന്ന് മാത്രമല്ല, പ്രതീക്ഷിക്കപ്പെട്ടതു പോലെ സെസും സർചാർജുകളും കുറഞ്ഞിട്ടുമില്ല.
ഇത്തരത്തിൽ അധികമായി പിരിച്ചെടുക്കുന്ന സെസും സർചാർജുകളും സംസ്ഥാനങ്ങള്‍ക്ക് നൽകുന്ന നികുതി പൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഫലത്തിൽ സംസ്ഥാനങ്ങൾക്ക് കിട്ടുന്ന നികുതി വിഹിതം വാഗ്ദാനം ചെയ്യപ്പെട്ടതിൽ നിന്നും ഏതാണ്ട് പത്തു ശതമാനത്തോളം കുറവാണ്.
അതുകൊണ്ടു തന്നെ ഇവ നികുതി പൂളിൽ കൊണ്ട് വരുകയും സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതി വിഹിതം ഡിവിസിബിൾ പൂളിന്റെ 41 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയർത്തുകയും വേണം. ഇതോടൊപ്പം സെസിനും സര്‍ചാര്‍ജിനും സ്ഥിരമായ പരിധി വയ്ക്കണം എന്നും കെപിസിസി ആവശ്യപ്പെട്ടു.
കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി സംസ്ഥാനങ്ങൾക്കായി വിഭജിക്കപ്പെടുന്നതിനായി മുൻധനകാര്യ കമ്മീഷനുകൾ പരിഗണിച്ചിരുന്ന മാനദണ്ഡങ്ങളായ ജനസംഖ്യ, ഭൂവിഹിതം, ജനസംഖ്യാവളര്‍ച്ചയിലെ പുരോഗതി, നികുതി സമാഹരണത്തിനുള്ള ശേഷി, പ്രതിശീർഷ വരുമാന അസമത്വം തുടങ്ങിയവയ്ക്കൊപ്പം വയോജന സംഖ്യ, നഗരവൽക്കരണം, പച്ചപ്പിന്റെ വിസ്തൃതി (ഗ്രീൻ കവർ), മാനവശേഷി വികസനം, പ്രവാസികൾ വിദേശത്തു നിന്നും അയക്കുന്ന പണം (ഫോറിൻ റെമിറ്റൻസ്) എന്നിവ കൂടി ഉൾപ്പെടുത്തണം.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന നടപടികള്‍ക്കും കേരളം നേടിയെടുത്ത മനുഷ്യ വികസന സൂചികയിലെ മുന്നേറ്റത്തിനും പ്രത്യേക പരിഗണന ലഭിക്കണം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു ഗ്രാന്റ് വിഭജിക്കുമ്പോൾ മൊത്തം ഡിവിസിബിൾ പൂളിന്റെ 10 ശതമാനമെങ്കിലും പങ്കു വെക്കാൻ കേന്ദ്രം തയാറാകണം. രാജ്യത്തു തന്നെ മാതൃകയാക്കാവുന്ന രീതിയിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടത്തിന് തത്തുല്യമായ പരിഗണന ഗ്രാന്റ് വിഭജിക്കപ്പെടുമ്പോഴും ഉണ്ടാവേണ്ടതാണ്.
എന്നാൽ പതിനാലും പതിനഞ്ചും ധനകാര്യ കമ്മീഷനുകൾ ജനസംഖ്യയും ഭൂവിസ്തൃതിയും മാത്രം പരിഗണിച്ചത് വഴി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന വിഹിതത്തിലും കുറവ് വന്നു.
പത്താം ധനകാര്യ കമ്മീഷനിൽ നിന്നും പതിനഞ്ചിലേക്ക് എത്തുമ്പോൾ 3.08 ശതമാനത്തിൽ നിന്നും 2.68 ശതമാനമായി വിഹിതം കുറഞ്ഞു. അതുകൊണ്ടു തന്നെ ജനസംഖ്യയും ഭൂവിസ്തൃതിയും മാത്രം പരിഗണിക്കാതെ അധികാരവികേന്ദ്രീകരണം, ഗ്രാന്റ് വിനിയോഗം, വികസന നേട്ടങ്ങള്‍ എന്നിവ കൂടി പരിഗണിക്കണം.
ദുരന്തനിവാരണ ഗ്രാന്റിന്റെ മാനദണ്ഡം പരിഗണിക്കപ്പെടുമ്പോൾ ദുരന്തസാധ്യതയുള്ള പ്രദേശം, അവിടുത്തെ ജനസാന്ദ്രത തുടങ്ങിയവ പരിഗണിക്കുന്നതോടൊപ്പം നിലവിലെ ദുരന്തസാധ്യതകൾ കൂടി കണക്കിലെടുത്തു വേണം വിഹിതം നിർണയിക്കപ്പെടേണ്ടത്.
തീരദേശ മണ്ണൊലിപ്പു തടയാനും തീരസംരക്ഷണത്തിനും, മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതിനുള്ള മാർങ്ങൾ അവലംബിക്കേണ്ടതിനും പിന്നാക്ക ജനവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, കരകൗശലത്തൊഴിലാളികള്‍, വികലാംഗര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും പ്രത്യേക ഗ്രാന്റുകൾ നൽകണം.
ഇതോടൊപ്പം കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും നെല്‍ കര്‍ഷകര്‍, റബ്ബർ, പ്ലാന്റേഷന് മേഖല, പരമ്പരാഗത വ്യവസായ മേഖല തുടങ്ങിയവയിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നതിനും മൂലധന നിക്ഷേപം, ഗവേഷണം, കാലാവസ്ഥാ വ്യതിയാനം, പ്രവാസി പുനരധിവാസം തുടങ്ങിവയ്ക്കും പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു.