ചാണ്ടി ഉമ്മൻ മലർന്ന് കിടന്ന് തുപ്പരുതെന്ന് തിരുവഞ്ചൂർ
Tuesday, December 10, 2024 4:49 PM IST
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകിയില്ലെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിനെതിരേ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. ചാണ്ടി ഉമ്മൻ മലർന്നു കിടന്ന് തുപ്പരുതെന്ന് തിരുവഞ്ചൂർ ഓർമിപ്പിച്ചു.
പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാം. പക്ഷേ അതെല്ലാം പരസ്യമായി പറഞ്ഞ് ചാണ്ടി ഉമ്മൻ ചെറുതാകരുതെന്നും പാർട്ടിക്കുള്ളിൽ ഉന്നയിച്ച് യോജിപ്പോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കുന്നത് ഗുണകരമാകില്ല. ചാണ്ടി ഉമ്മന്റെ പ്രതികരണം അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരില്ല. അദ്ദേഹം തനിക്കുണ്ടായ ഒരു വിഷമം പറഞ്ഞുവെന്നെ ഉള്ളൂ.
മാടായി കോളജിലെ നിയമനത്തിന്റെ പേരിൽ എം.കെ.രാഘവൻ എംപിക്കെതിരേ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.