തൃശൂരിൽ 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
Tuesday, December 10, 2024 3:46 AM IST
തൃശൂർ: മുടിക്കോട് 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂര്‍ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
അങ്കമാലി അയ്യമ്പുഴ തറയിൽ വീട്ടിൽ 22 വയസ്സുള്ള ജയ്സൺ ബാബു (22), കറുകുറ്റി സ്വദേശി ജോജു ജോഷി (19) എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന 13 കിലോ തൂക്കം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്.
തൃശൂർ ഡാൻസാഫ് അംഗങ്ങളാണ് ലഹരിക്കടത്ത് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
തൃശൂർ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കമ്മീഷണറുടെ പ്രത്യേക ലഹരി വേട്ട സംഘമായ ഡാൻസാഫ് അംഗങ്ങൾ മുടിക്കോട് വെച്ച് കെഎസ്ആർടിസി ബസിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. രണ്ട് ബാഗുകളിലായി ഏഴ് പൊതുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മണ്ണുത്തി എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി പ്രതികളെ പീച്ചി പൊലീസിന് കൈമാറി.