എം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: മകളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
Monday, December 9, 2024 11:48 AM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഇന്നു വീണ്ടും പരിഗണിക്കും. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്നതിന് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ നല്കിയ അപ്പീലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്.
തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയില്‍ തീര്‍പ്പാക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് എന്‍.എന്‍. സുഗുണപാലിനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ അടക്കം ഇന്ന് കോടതിയെ ബോധിപ്പിക്കും.
വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും മരിച്ചയാള്‍ക്ക് അല്പമെങ്കിലും ആദരവ് നല്‍കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്നതാണ് എം.എം. ലോറന്‍സ് പ്രകടിപ്പിച്ച ആഗ്രഹമെന്ന് മകന് എം.എല്‍. സജീവന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അനാട്ടമി നിയമപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് മൃതദേഹം ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. എം.എം. ലോറന്‍സിന്റെ മൃതദേഹം ഫോര്‍മാലിനില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.