ദിലീപിന്റെ ശബരിമല ദര്‍ശനം: ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
Monday, December 9, 2024 11:43 AM IST
കൊച്ചി: ശബരിമലയില്‍ നടന് ദിലീപിന് വിഐപി ദര്‍ശനം ഒരുക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അകമ്പടിയോടെ ദിലീപ് അടക്കമുള്ളവര്‍ ശബരിമല ദര്‍ശനത്തിനെത്തിയത് സംബന്ധിച്ച് കോടതി വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദമായ സത്യവാംഗ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദര്‍ശനം സംബന്ധിച്ച സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് ദേവസം ബെഞ്ചിന്റെ തീരുമാനം.
സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനിറ്റിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും സംഘവും ദര്‍ശനം നടത്തിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.
ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.