ഇന്ത്യാ സഖ്യത്തിൽ തർക്കമില്ല; നേതാവിനെ ചർച്ചയിലൂടെ തെരഞ്ഞെടുക്കണം: തേജസ്വി യാദവ്
Monday, December 9, 2024 5:09 AM IST
കോൽക്കത്ത: ഇന്ത്യാ സഖ്യത്തിൽ തർക്കമില്ലെന്നും നേതാവിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കുമെന്നും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്ലോക്കിലെ മുതിർന്ന നേതാക്കൾ സഖ്യത്തിന് നേതൃത്വം നൽകുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മമതാ ബാനർജി ഇന്ത്യാ സഖ്യത്തെ നയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി തേജസ്വി യാദവ് രംഗത്ത് എത്തിയത്. ബിജെപിക്ക് എതിരായി രൂപപ്പെട്ടതാണ് ഇന്ത്യാ സഖ്യം. എന്നാൽ ബിജെപി വിരുദ്ധ സഖ്യത്തിൽ നിരവധി മുതിർന്ന നേതാക്കളുണ്ട്.
എല്ലാ നേതാക്കൻമാരുമായും ചർച്ച നടത്തിയിട്ട് വേണം ഈകാര്യത്തിൽ തീരുമാനമെടുക്കാൻ. മമതാ ബാനർജി സഖ്യത്തെ നയിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.