വൻ ആയുധശേഖരം പിടികൂടി; മണിപ്പുരിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
Monday, December 9, 2024 3:27 AM IST
ഇംഫാൽ: കലാപം പടരുന്നതിനിടെ മണിപ്പുരിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിൽ അസം റൈഫിൾസും മണിപ്പുർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് അടക്കമുള്ള ആയുധങ്ങൾ പിടികൂടിയത്.
നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത സംസ്ഥാന സർക്കാർ ഒമ്പത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാൾ എന്നീ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്.
അതേസമയം മണിപ്പുരിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ മണിപ്പുരിലെ ഇന്ത്യാ സഖ്യ നേതാക്കൾ പ്രതിഷേധ സമരം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.