പുഷ്പ 2ന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
Monday, December 9, 2024 1:44 AM IST
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ തീയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സന്ധ്യ തീയറ്ററിൽ കഴിഞ്ഞദിവസം രാത്രി 11 നാണ് പ്രീമിയർ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു.
അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തി. താരത്തെ കണ്ടതോടെ ആരാധകർ തീയറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പോലീസ് ലാത്തി വീശി.
ഈ തിരക്കിനിടയിൽപ്പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകൾ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേർ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ അല്ലു അർജുൻ തീയറ്ററിൽ എത്തിയത് സംഘർഷത്തിന് കാരണമായെന്ന് പോലീസ് അറിയിച്ചു.
മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.