അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നേടി ബംഗ്ലാദേശ്
Sunday, December 8, 2024 5:33 PM IST
ദുബായ്: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ബംഗ്ലാദേശ്. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 139 റൺസെടുക്കാനെ സാധിച്ചുള്ളു. മുൻനിര ബാറ്റർമാർ നിറംമങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 26 റൺസെടുത്ത മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ്സ്കോറർ.
ബംഗ്ലാദേശിന് വേണ്ടി ഇഖ്ബാൽ ഹോസെയ്ൻ ഇമോണും അസീസുൾ ഹക്കീം തമീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അൽ ഫഹദ് രണ്ട് വിക്കറ്റും മറുഫ് മൃദയും റിസാൻ ഹോസനും ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 198 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 47 റൺസെടുത്ത റിസാൻ ഹോസനാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ. മുഹമ്മദ് ഷിഹാബ് 40 ഉം ഫരീദ് ഹസൻ 39ഉം റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി യുദാജിത് ഗുഹയും ചേതൻ ശർമയും ഹർദിക് രാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.