അജിത് പവാറിന് ആശ്വാസം; 1000 കോടിയുടെ ബെനാമി കേസ് അവസാനിപ്പിച്ചു
Sunday, December 8, 2024 4:25 AM IST
മുംബൈ: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത് പവാറിന് ആശ്വാസമായി ട്രിബ്യൂണൽ വിധി. അജിത് പവാറിന്റെ പേരിലുള്ള 1000 കോടി രൂപയുടെ ബെനാമി കേസ് അവസാനിപ്പിച്ചു. 2021ൽ പിടിച്ചെടുത്ത 1000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ സംബന്ധിച്ച കേസ് ട്രിബ്യൂണൽ തള്ളി.
ഇതോടെ ഐടി വകുപ്പ് കേസ് അവസാനിപ്പിച്ചു. ബെനാമി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2021 ഒക്ടോബർ ഏഴിന് അജിത് പവാറും കുടുംബവുമായും ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് തുടങ്ങി നിരവധി സ്വത്തുക്കൾ കേസിൽ കണ്ടുകെട്ടിയിരുന്നു.
അന്വേഷണത്തിൽ, സ്വത്തുക്കളൊന്നും അജിത് പവാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണൽ കുറ്റപത്രം തള്ളിയത്. നിയമാനുസൃതമായ സാമ്പത്തിക മാർഗങ്ങൾ ഉപയോഗിച്ചാണ് സ്വത്തുക്കൾ സമ്പാദിച്ചതെന്നും ബെനാമി സ്വത്തുക്കളും പവാർ കുടുംബവും തമ്മിൽ ബന്ധവും സ്ഥാപിക്കുന്നതിൽ ഐടി വകുപ്പ് പരാജയപ്പെട്ടുവെന്നും ട്രിബ്യൂണൽ പറഞ്ഞു.