ഏഴുമാസം ഗർഭിണിയായ യുവതിയെ കൊന്നു മൃതദേഹം കുഴിച്ചിട്ടു; 19കാരൻ അറസ്റ്റിൽ
Saturday, December 7, 2024 9:16 PM IST
ന്യൂഡൽഹി: ഹരിയാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. സംഭവത്തിൽ യുവതിയുടെ കാമുകൻ ഉൾപ്പെടെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഹരിയാനയിലെ സോനിപത് ജില്ലയിൽ താമസിക്കുന്ന റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. ഒക്ടോബർ 21ന് ഏഴുമാസം ഗർഭിണിയായ 19കാരിയെ നംഗ്ലോയ് പ്രദേശത്തെ വസതിയിൽ നിന്ന് കാണാതായിരുന്നതായി പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ പങ്കാളിയായ സഞ്ജു എന്ന സലീം കൂട്ടാളികളായ സോഹിത്, പങ്കജ് എന്നിവരോടൊപ്പം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
അവർ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഹരിയാനയിലെ റോഹ്തക്കിലെ മദീന വില്ലേജിലേക്ക് കൊണ്ടുപോയി. തുടർന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) സതീഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ ഒക്ടോബർ 24ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സലീം, പങ്കജ് എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ സോഹിത് ഒളിവിൽ പോയിരുന്നു. സമീം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ കൃത്യത്തിൽ പങ്കാളിയായതെന്ന് സോഹിത് പോലീസിന് മൊഴി നൽകി.