അനുഗ്രഹ നിറവിൽ വത്തിക്കാൻ; കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു
Saturday, December 7, 2024 8:34 PM IST
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ വത്തിക്കാനിൽ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമാകും.
ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉൾപ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്.