ട്രോളി ബാഗ് വിവാദം: ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്ത് പോലീസ്
Saturday, December 7, 2024 11:46 AM IST
ആലപ്പുഴ: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി ബാഗ് വിവാദത്തില്‍ കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്ത് പോലീസ്. പാലക്കാടുനിന്നുള്ള പോലീസ് സംഘം ആലപ്പുഴയിലെ ഷാനിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്പെഷല്‍ ബ്രാഞ്ച് പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം.