ഡക്കറ്റിനും ബേതലിനും സെഞ്ചുറി നഷ്ടം; വെല്ലിംഗ്ടണിൽ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്
Saturday, December 7, 2024 10:12 AM IST
വെല്ലിംഗ്ടൺ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാംദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഇംഗ്ലണ്ടിന് 533 റണ്‍സിന്റെ ലീഡുണ്ട്.
73 റണ്‍സുമായി ജോ റൂട്ടും 35 റണ്‍സുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. അതേസമയം, ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (92), ജേക്കബ് ബേതല്‍ (96) എന്നിവർക്ക് സെഞ്ചുറി നഷ്ടമായപ്പോൾ ഹാരി ബ്രൂക്ക് 55 റൺസും ഒല്ലി പോപ്പ് 10 റൺസും സാക് ക്രൗളി എട്ടു റൺസുമെടുത്ത് പുറത്തായി.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജേക്കബ് ബേതൽ 10 ബൗണ്ടറികളും മൂന്നു സിക്സറുകളും പറത്തിയപ്പോൾ 112 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമടങ്ങുന്നതാണ് ഡക്കറ്റിന്റെ ഇന്നിംഗ്സ്.
ന്യൂസിലൻഡിനു വേണ്ടി ടിം സൗത്തി, മാറ്റ് ഹെൻറി എന്നിവർ രണ്ടുവിക്കറ്റ് വീതവും ഗ്ലെൻ ഫിലിപ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, അഞ്ചിന് 86 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 125 റൺസിൽ അവസാനിച്ചിരുന്നു. 37 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ.
അതേസമയം, ഹാട്രിക് ഉൾപ്പെടെ നാലുവിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിന്‍സണും നാലുവിക്കറ്റ് വീഴ്ത്തിയ ബ്രൈഡൻ കഴ്സുമാണ് ആതിഥേയരെ തകർത്തത്.