കനലണയാത്ത ഓർമകൾ; നോത്രദാം കത്തീഡ്രൽ ഇന്നു തുറക്കും, സാക്ഷിയാകാൻ മക്രോണും ട്രംപും
Saturday, December 7, 2024 9:22 AM IST
പാരീസ്: തീപിടിത്തത്തെ തുടർന്നു പുനർനിർമിച്ച പാരീസിലെ നോത്രദാം കത്തീഡ്രൽ ഇന്നും നാളെയും നടക്കുന്ന ചടങ്ങുകളിൽ വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് പാരീസ് ആർച്ച്ബിഷപ് ലോറന്റ് ഉൾറിച്ച് ദണ്ഡ് ഉപയോഗിച്ച് മുട്ടുന്നതോടെ കത്തീഡ്രലിന്റെ വാതിൽ തുറക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
എട്ടര നൂറ്റാണ്ടു പഴക്കമുള്ള പള്ളിയിൽ 2019 ഏപ്രിൽ 15നാണു വൻ തീപിടിത്തമുണ്ടായത്. മേൽക്കൂരയും സ്തൂപികയും നശിക്കുകയും കലാവസ്തുക്കൾക്കും തിരുശേഷിപ്പുകൾക്കും കേടുപാട് ഉണ്ടാകുകയും ചെയ്തു.
അഞ്ചു വർഷത്തിനകം പുനർനിർമാണം പൂർത്തിയാക്കുമെന്ന പ്രസിഡന്റ് മക്രോണിന്റെ വാഗ്ദാനം പൂർത്തിയാക്കിക്കൊണ്ടാണു കത്തീഡ്രൽ വീണ്ടും തുറക്കുന്നത്. 150 രാജ്യങ്ങളിൽനിന്നായി ലഭിച്ച 90 കോടിക്കടുത്ത് ഡോളർ സംഭാവന ഉപയോഗിച്ചായിരുന്നു പുനർനിർമാണം.
കത്തീഡ്രലിന്റെ കൂദാശകർമം നിർവഹിച്ചുകൊണ്ടുള്ള വിശുദ്ധകുർബാനയർപ്പണം നാളെ രാവിലെയാണ്. പാരീസ് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിക്കും. ഫ്രാൻസിലെയും മറ്റു രാജ്യങ്ങളിലെയും 170 ബിഷപ്പുമാരും പാരീസ് രൂപതയിലെ 106 ഇടവകകളിലെ വൈദികരും പങ്കെടുക്കും.