പാലക്കാട്ടെ പത്രപരസ്യ വിവാദം; ഇടതു മുന്നണി വിശദീകരണം നൽകി
Saturday, December 7, 2024 3:16 AM IST
പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തിൽ വിശദീകരണവുമായി എൽഡിഎഫ് ഇലക്ഷൻ ഏജന്റ്. സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികൾ നൽകിയതെന്നാണ് വിശദീകരണം.
സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിന് ഇതുമായി ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് ആർഡിഒക്ക് വിശദീകരണം നൽകി. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
എൽഡിഎഫ് നൽകിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സുപ്രഭാതം,സിറാജ് പത്രങ്ങളിലാണ് സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് പരസ്യം നൽകിയിരുന്നത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇകെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എപി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്.
സന്ദീപ് വാര്യരുടെ പഴയ മുസ്ലീം വിരുദ്ധ പരാമർശങ്ങളാണ് സിറാജിന്റെയും സുപ്രഭാതത്തിന്റെയും ഒന്നാം പേജിൽ പരസ്യമായത്.