ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രം; ഡൽഹി ചലോ മാർച്ച് തൽക്കാലത്തേക്ക് അവസാനിപ്പിച്ച് കർഷകർ
Saturday, December 7, 2024 2:54 AM IST
ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ കർഷകർ നടത്തുന്ന മാർച്ച് തൽക്കാലം നിർത്തിവെച്ചു. ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
വാതിലുകൾ ചർച്ചയ്ക്കായി തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി വ്യക്തമാക്കിയത്. ഇതോടെ ഡൽഹി ചലോ മാർച്ച് നടത്തുന്ന 101 കർഷകരേ നേതാക്കൾ തിരിച്ച് വിളിച്ചു.
നേരത്തെ ദേശീയ തലസ്ഥാനത്തേക്ക് വീണ്ടും "ഡൽഹി ചലോ' കാൽനട മാർച്ച് കർഷകർ ആരംഭിച്ചിരുന്നു. നൂറോളം കർഷകർ ഹരിയാനയിലെ ശംഭു അതിർത്തിയിൽനിന്നാണ് ഇന്നു രാവിലെ മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ ഇരിക്കുകയാണെന്നും കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെന്നും സർവാൻ സിംഗ് പന്ദർ അറിയിച്ചു.