കോണ്‍ഗ്രസിൽ ഉള്ളപ്പോഴും തനിക്ക് ഇടതുപക്ഷ മനസ്; ഡിവൈഎഫ്ഐയില്‍ ചേര്‍ന്നാലും ഉമ്മന്‍ചാണ്ടി ഹൃദയത്തില്‍ ഉണ്ടാവുമെന്ന് ഷാനിബ്
Friday, December 6, 2024 4:01 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നില്‍ക്കുമ്പോഴും തനിക്ക് ഇടതുപക്ഷ മനസ് ആയിരുന്നുവെന്ന് എ.കെ. ഷാനിബ്. ഇന്ന് ഇടതുപക്ഷത്തിന് മാത്രമാണ് മതേതര നിലപാടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നാലും ഉമ്മന്‍ചാണ്ടി ഹൃദയത്തില്‍ ഉണ്ടാവും. ഡിവൈഎഫ്ഐ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. അങ്ങോട്ട് പോയാല്‍ കോണ്‍ഗ്രസില്‍ കിട്ടുന്ന സ്വാതന്ത്ര്യം കിട്ടില്ലെന്ന് പലരും പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി ആ പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ഇടതുപക്ഷം ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. തിരുത്തലുകള്‍ പാര്‍ട്ടിക്കകത്ത് നടക്കുന്നുണ്ട്. പക്ഷെ കോണ്‍ഗ്രസില്‍ അതില്ലെന്നും ഷാനിബ് വ്യക്തമാക്കി.
പാര്‍ട്ടിയിലെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയതിനാണ് പാര്‍ട്ടി പുറത്താക്കിയത്. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന് വോട്ട് പിടിക്കുന്നത് തുടരുകയാണ്. ഇനിയും കോണ്‍ഗ്രസ് ആയി തുടരുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.